കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കിണറിന്റെ ഭിത്തി ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് വനം വകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും തീരുമാനം. അതേസമയം ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.
കോട്ടപ്പടി സ്വദേശിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കാട്ടാന വീണത്. സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തേക്ക് ഒഴുകിയെത്തി. വിവരമറിഞ്ഞ് വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഭിത്തി പൊളിച്ച് ആനയ്ക്ക് പുറത്തുവരാനുള്ള വഴി ഒരുക്കാനാണ് ശ്രമം.എന്നാൽ ഇവിടെ കാട്ടാന ശല്യം പതിവാണെന്നും കൃഷി നശിച്ചതിന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു.
പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെടുകയും പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി 144 പ്രഖ്യാപിക്കുകയും ചെയ്തു.
















