മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നാൽപ്പത്തിയഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കർമ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാൽപ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും ആദ്ദേഹം പറഞ്ഞു.
വന്യ ജീവി സംഘർഷം തടയുന്നതിൽ കേന്ദ്രത്തിന് നിസ്സഹകരണമാണ്. പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിർദേശങ്ങളിൽ അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
















