കണ്ണിനും മനസിനും കുളിരണിയിക്കുന്ന കാഴ്ചയാണ് സൂര്യോദയം. ഒരു ദിവസം തന്നെ അടിപൊളിയാകാൻ സൂര്യോദയം മാത്രം കണ്ടാൽ മതി. മിക്ക ആളുകളും സൂര്യോദയം കാണാൻ മലമുകളിലേക്കും കടൽത്തീരങ്ങളിലേക്കും പോകുന്നവരാണ്. എന്നാൽ ഇന്ത്യയിൽ സൂര്യോദയം കാണാൻ കിടിലൻ ഒരു താഴ്വര ഉള്ളകാര്യം നിങ്ങൾക്ക് അറിയാമോ ? ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യൻ ഉദിക്കുന്നത് അവിടെയാണ്.
വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ഡോങ്ങ് വാലി അഥവാ ഡോങ്ങ് താഴ്വരയിലാണ് ഇന്ത്യയിൽ ആദ്യം സൂര്യൻ എത്തുന്നത്. ചൈനയും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഡോങ്ങ് താഴ്വര സ്ഥിതി ചെയ്യുന്നത്. അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ഈ ചെറിയ ഗ്രാമത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യൻ ഉദിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ ട്രക്ക് ചെയ്താൽ ഡോംഗ് താഴ്വരയിലേക്ക് എത്തും. ഇവിടെയാണ് ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യൻ ഉദിക്കുന്നത്. രാവിലെ രണ്ടു മണിക്കാണ് ഇവിടെ സൂര്യോദയം. ഇന്ത്യയുടെ കിഴക്കേ അറ്റത്ത് ചൈനയുടെയും മ്യാൻമറിന്റെയും അതിർത്തിയോടു ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ലോഹിത്, സതി നദികളുടെ സംഗമസ്ഥാനത്താണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,240 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ഡോങ്ങ്. വാലോങ്ങിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ ദൂരെ, ലോഹിത് – സതി നദികളുടെ സംഗമസ്ഥാനത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയിലെ ആദ്യ സൂര്യോദയത്തിന്റെ നാട്
സൂര്യോദയം കാണുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥലങ്ങളിൽ ഒന്നായി 1999ലാണ് ഡോങ്ങ് താഴ്വര അംഗീകരിക്കപ്പെട്ടത്. ഇതോടെ ഉദയസൂര്യന്റെ നാട് എന്ന വിളിപ്പേര് ഈ ഗ്രാമത്തിന് ലഭിക്കുകയും ചെയ്തു. 2000 ജനുവരി ഒന്നിന് നടന്ന മില്ലേനിയം സൂര്യോദയസമയത്ത് ഡോങ്ങ് താഴ്വരയിലെ സൂര്യോദയം ലോകശ്രദ്ധ നേടി.
മനംമയക്കുന്ന പ്രകൃതിസൗന്ദര്യം
മനോഹരമായ പ്രകൃതി സൗന്ദര്യമാണ് സോങ്ങ് താഴ്വരയുടെ ഒരു പ്രത്യേകത. വിശാലമായ പുൽമേടുകളും ഇടതൂർന്ന പൈൻമരങ്ങളും ഈ താഴ്വരയെ കൂടുതൽ മനോഹരമാക്കുന്നു. പക്ഷി നിരീക്ഷകർക്കും ഈ സ്ഥലം വളരെ ആവേശം നൽകുന്നതാണ്. ഏകദേശം 500ൽ അധികം വ്യത്യസ്തമായ പക്ഷികളെ ഈ താഴ്വരയിൽ കാണാൻ കഴിയും. വേഴാമ്പലുകൾ, ചെമ്പോത്തുകൾ, മഞ്ഞ പ്രാവുകൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പക്ഷികളെ ഇവിടെ കാണാം.
ഡോങ്ങ് താഴ്വരയിൽ പ്രധാനമായും മെയോർ ഗോത്രം മിഷ്മി ഗോത്രവുമായി ചേർന്ന് ജീവിക്കുന്നു. ഇദു മിഷ്മി, ദിഗാരു മിഷ്മി, മിജു മിഷ്മി എന്നിവയെല്ലാം മിഷ്മി ഗോത്രത്തിന്റെ ഭാഗമാണ്. ഇവിടെ എത്തിച്ചേരുന്നവർക്ക് ഈ ഗോത്രക്കാരുടെ പാരമ്പര്യങ്ങളും ദൈനംദിന ജീവിതവും ആതിഥ്യമര്യാദയും അനുഭവിക്കാൻ കഴിയും.
















