പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് കരാര്‍ കമ്പനി. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഒരുവശത്തേക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ കൂടുതൽ നൽകേണ്ടി വരും. എല്ലാവർഷവും സെപ്തംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കാറുള്ളത്. കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കി.
നേരത്തെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ ഒമ്പത് വരെ പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഒരുഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപയായിരുന്നു നൽകേണ്ടിയിരുന്നതെങ്കിൽ ഇനിമുതൽ 95 രൂപയാണ് നൽകേണ്ടിവരിക. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമില്ല.
ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയിൽനിന്ന് 165 രൂപ നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽകൂടുതൽ യാത്രകൾക്ക് 245 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 240ആയിരുന്നു. ബസ്, ട്രക്ക് എന്നിവയ്ക്ക് നിരക്ക് 320 രൂപയിൽനിന്ന് 330 ആയി ഉയർത്തി. ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 775 ൽനിന്ന് 795 രൂപയാകും.
STORY HIGHLIGHT: paliyekkara toll hike
















