വന്യജീവി പ്രശ്‌നം പരിഹരിക്കാൻ തയ്യാറെടുത്ത് സർക്കാർ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 45 ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. കൂടാതെ തദ്ദേശതലത്തിൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. തീവ്രമായ വന്യജീവി ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ പദ്ധതി ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. ഒന്നാം ഘട്ടത്തിൽ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ്-ഡെസ്‌കുകൾ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തും. ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തിൽ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിശോധിക്കുക.
സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരും. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളെ ഈ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
STORY HIGHLIGHT: kerala human wildlife conflict
















