സദ്യയില്ലാതെ എന്ത് ഓണം അല്ലെ… തൂശനിലയിൽ പഴം മുതൽ പായസം വരെ വിളമ്പി കഴിക്കുമ്പോഴാണ് ഓണം പൂർത്തിയാകുന്നത് തന്നെ. രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണത്തിലും നമ്മുടെ സദ്യ ഒന്നാമൻ തന്നെ
ചോറ്
ചെമ്പാവരി ചോറില്‍ ‘ബി’ വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ – അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു.നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി – ആസിഡുകള്‍, വിറ്റമിന്‍ ‘എ’, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്.മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ ‘സി’ യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്ക്ക്നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ്
നിയന്ത്രിക്കുന്നു.
പുളിശ്ശേരി
പുളിശ്ശേരിയില്‍ ഇടുന്ന കറിക്കൂട്ടുകള്‍ പലതരത്തില്‍ ശരീരത്തിനു ഗുണം ചെയ്യും. മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, ഏത്തയ്ക്ക ഇവയെല്ലാം ഇട്ട് പുളിശ്ശേരി തയ്യാറാക്കാം. ഇതില്‍ ചേര്‍ക്കുന്ന തൈര് നല്ല ഒരു പ്രോബയോട്ടിക്കാണ്. ദഹനത്തിനു സഹായിക്കുന്നു.
അവിയല്‍
എല്ലാ പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന അവിയല്‍ ഗുണത്തില്‍ മുന്‍പില്‍ തന്നെയാണ്. ഇത് വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഇതിലുള്ള നാരുകള്‍ ശരിയായ ദഹനത്തിനും ശോധനയ്ക്കും സഹായിക്കും.
സാമ്പാര്‍
പലതരത്തിലുള്ള പച്ചക്കറികളും പരിപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന സാമ്പാര്‍ ഗുണത്തില്‍ ഏറെ മുന്‍പിലാണ്. ഇതിലുള്ള നാരുകള്‍ ശരീരത്തിലെ അധിക കൊഴുപ്പിനെ വലിച്ചെടുത്ത് കളയാന്‍ സഹായിക്കുന്നു. സാമ്പാറില്‍ ചേര്‍ക്കുന്ന തക്കാളിയില്‍ ലൈക്കോപ്പിന്‍ എന്ന ആന്റിഓക്‌സിഡന്റുണ്ട്. ഇത് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കായം ദഹനം സുഗമമാക്കുന്നു.
തോരന്‍
കാബേജ്, ബീന്‍സ്, പയര്‍ എന്നിവയാണ് തോരനുവേണ്ടി തിരഞ്ഞെടുക്കുന്ന പച്ചക്കറികള്‍. തോരനിലെ കൂട്ട് എന്തായാലും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയവയാണ്.
പച്ചടി
ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍,സിങ്ക് എന്നിവയുണ്ട്. പൈനാപ്പിള്‍ പച്ചടിയും രുചിയില്‍ മുന്നില്‍ത്തന്നെയാണ്, ഇതില്‍ വിറ്റാമിന്‍ ബി,സി എന്നിവയുണ്ട്. ഇത് നല്ലൊരു ദഹനസഹായി ആണ്. ഇതിലുള്ള ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. പൈനാപ്പിളിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു.
രസം
പുളി, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, കുരുമുളക്, കായം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന രസം ദഹനപ്രക്രിയയ്ക്ക് നല്ലതാണ്.
മോര്
ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മോര് കാല്‍സ്യം, ഫോസ്ഫറസ്, മാംസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്.
പായസം
പായസമില്ലാതെ സദ്യ പൂര്‍ണമാകില്ല. ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തില്‍ ധാരാളം ഇരുമ്പുണ്ട്. കൂടാതെ സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുമുണ്ട്.ഇങ്ങനെ ഓണസദ്യയിലെ ഓരോ വിഭവങ്ങളും നമ്മുടെ ശരീരത്തിന് ഗുണം പ്രധാനം ചെയ്യുന്നതാണ്.
















