സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും അഭിനയിച്ച ബോളിവുഡ് ചിത്രം ‘പരം സുന്ദരി’ റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 15.70 കോടി ചിത്രം സ്വന്തമാക്കി. ആദ്യ ദിനം 6.85 കോടി നേടിയ സിനിമ രണ്ടാം ദിവസം 8.85 കോടി സ്വന്തമാക്കി. റൊമാന്റിക് ഡ്രാമയായ ‘പരം സുന്ദരി’ തുഷാർ ജലോട്ട ആണ് സംവിധാനം ചെയ്തത്.
#ParamSundari collects Rs 15.70 crore in 2 days as per estimates. #SidharthMalhotra, & #JanhviKapoor starrer headed for an opening weekend in the range of Rs 26 crore in India.
Friday: Rs 6.85 crore
Saturday: Rs 8.85 croreTotal: Rs 15.70 crore
— Himesh (@HimeshMankad) August 30, 2025
സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ഗാനങ്ങളും വിഷ്വലുകളും മികച്ചുനിൽക്കുന്നുണ്ടെങ്കിലും തിരക്കഥ പാളിപ്പോയെന്നാണ് കമന്റുകൾ. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. ബോക്സ് ഓഫീസിൽ സിനിമയ്ക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിദ്ധാർഥിൻ്റെയും ജാൻവിയുടെയും കെമിസ്ട്രി അടിപൊളിയാണെന്നും എന്നാൽ സിനിമയുടെ തിരക്കഥ മോശമാണെന്നുമാണ് അഭിപ്രായങ്ങൾ. കേരളത്തെയും മലയാളത്തെയും വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സ്ഥിരം ബോളിവുഡ് സ്റ്റീരിയോടൈപ്പ് ആണെന്നുമാണ് മറ്റു കമന്റുകൾ.
സിനിമയുടെ ട്രെയിലറിനും നേരത്തെ വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിക്കുന്നത്.
കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.
















