250 കോടി ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിള്‍. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം ജിമെയില്‍ സേവനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
ഉപഭോക്താക്കള്‍ ഉടന്‍ പാസ്വേഡ് മാറ്റുകയും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണാക്കുകയും ചെയ്യണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഹാക്കര്‍മാര്‍ അക്കൗണ്ടുകളില്‍ അനധികൃതമായി പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.പോക്കിമോന്‍ ഫ്രാഞ്ചൈസിയിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിച്ച ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം 2020 മുതല്‍ സൈബര്‍ ലോകത്ത് സജീവമാണ്. എടി&ടി, മൈക്രോസോഫ്റ്റ്, സാന്‍ടാന്‍ഡര്‍, ടിക്കറ്റ്മാസ്റ്റര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്.
ഇവരുടെ പ്രധാന ആയുധം ‘ഫിഷിങ് ആക്രമണങ്ങള്‍’ ആണ്. വ്യാജ ഇമെയിലുകള്‍ അയച്ച് ഉപഭോക്താക്കളെ കൃത്രിമ ലോഗിന്‍ പേജുകളിലേക്ക് ആകര്‍ഷിക്കുകയും ലോഗിന്‍ വിവരങ്ങളും സുരക്ഷാ കോഡുകളും മോഷ്ടിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. അടുത്തിടെ നടത്തിയ ഒരു ഹാക്കിങ് കാമ്പയിനില്‍, മോഷ്ടിക്കപ്പെട്ട ഡാറ്റ പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇവര്‍ ഒരുങ്ങുന്നതായാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി, ഹാക്കിങ് ശ്രമത്തിന് ഇരയായ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഇമെയില്‍ സന്ദേശങ്ങളിലൂടെ വിവരം അറിയിച്ചിട്ടുണ്ട്. എല്ലാ ജിമെയില്‍ ഉപഭോക്താക്കളും ഉടന്‍ പാസ്വേഡ് മാറ്റാനും ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സജ്ജമാക്കാനും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
















