പട്ന: ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. അംബേദ്കർ പാർക്കിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാറാലിയിൽ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കൾ അണിചേരും. ‘ഗാന്ധിയിൽ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിൽ മാർച്ച് നടത്തും. വോട്ട് മോഷണത്തിനെതിരെ ശക്തമായ മുന്നറിപ്പ് നൽകിയാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
13 ദിവസം കൊണ്ട് 1300ൽ അധികം കിലോമീറ്റർ താണ്ടിയ രാഹുലിനും തേജസ്വിക്കും വൻ സ്വീകരണമാണു ലഭിച്ചത്. 25 ജില്ലകളിലെത്തിയ യാത്ര പ്രധാനമായും ഗ്രാമമേഖലയാണു ലക്ഷ്യമിട്ടത്. യാത്രയെത്തിയ ഇടങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമായിരുന്നു. യാത്രയിലുടനീളം കണ്ട ജനസഗരമാണ് യാത്രയുടെ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും ശേഷം, ഗാന്ധിയിൽ നിന്ന് അംബേദ്കറിലേക്ക് എന്നപേരിൽ മാർച്ച് നടത്തി അംബേദ്കർ പ്രതിമയിലും പുഷ്പാർച്ചന നടത്തും. ഒരുമണിയോടെയാകും സമാപന സമ്മേളനം നടക്കുക.
മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. വോട്ട് കൊളളയ്ക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ ഓഗസ്റ്റ് 17ന് ബീഹാറിലെ കോൺഗ്രസ് ശക്തികേന്ദ്രമായ സാസ്റാമിൽ നിന്നാരംഭിച്ച പര്യടനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ബിഹാർ കണ്ടതിൽ ഏറ്റവും വലിയ പ്രതിഷേധമായി അത് മാറി.















