കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം ഇന്ന് 7.30 ന് സംസ്കരിക്കും. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു.
അതേസമയം, രോഗം ബാധിച്ച് മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരി ഇന്നലെ മരിച്ചിരുന്നു. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അതേസമയം അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്ക ജ്വരം ചെറുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ മുഴുവൻ കിണറുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും ഊർജിത ക്ലോറിനേഷൻ നടത്തും.
















