ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ പുതിയ പദ്ധതി ഒരുക്കി അബുദാബി പൊലീസ്. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇതിൽ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഡ്രൈവർമാർക്ക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ സാധിക്കും.
. 24 ബ്ലാക്ക് പോയിന്റുള്ളവർക്ക്: ലൈസൻസ് റദ്ദാക്കപ്പെട്ടവർക്ക് 2400 ദിർഹം അടച്ച് പൊലീസ് ബൂത്തിൽ പേര് രജിസ്റ്റർ ചെയ്ത് ഗതാഗത നിയമലംഘകർക്കായുള്ള പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുത്താൽ ലൈസൻസ് തിരികെ ലഭിക്കും.
. 8 മുതൽ 23 വരെ ബ്ലാക്ക് പോയിന്റുള്ളവർക്ക്: ഇവർക്ക് 800 ദിർഹം അടച്ച് പരിശീലന പരിപാടിയിൽ പങ്കെടുത്താൽ 8 ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ സാധിക്കും.
പൊതുജനങ്ങൾക്കായി ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അബുദാബി പൊലീസ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഈ പുതിയ സേവനം പ്രഖ്യാപിച്ചത്.
നിശ്ചിത ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ചുമത്തുന്ന ശിക്ഷയാണ് ബ്ലാക്ക് പോയിന്റുകൾ. ഒരു വർഷത്തിനുള്ളിൽ 24 ബ്ലാക്ക് പോയിന്റുകൾ തികച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും.
















