പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നില്ക്കാനാണ് സാധ്യത. ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും എന്നാണ് സൂചന. വെടിനിറുത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയതായി യുക്രെയിൻ പ്രസിഡൻറ് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ മോദി ഇന്ന് സംസാരിക്കും. കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം, വ്യാപാര രംഗത്ത് അധിക തീരുവ വഴിയുള്ള സമ്മർദ്ദം എന്നിവ മോദി പരാമർശിച്ചേക്കും. ഇന്നലെ പ്രസിഡൻറ് ഷി ജിൻപിങ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിൻറെയും നേപ്പാളിൻറെയും പ്രധാനമന്ത്രിമാർ, മ്യാൻമാർ സീനിയർ ജനറൽ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.
















