വയനാട്: മുസ്‌ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുക. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ രണ്ട് ഇടങ്ങളിൽ ആയാണ് നിർമ്മാണം നടക്കുക.
ലീഗിന്റേത് പ്ലാന്റേഷൻ ഭൂമിയാണെന്നാണ് ലാൻഡ് ബോർഡ് സോണൽ ഓഫീസിൻ്റെ കണ്ടെത്തൽ. ഭൂമി തരം മാറ്റിയ സാഹചര്യത്തിൽ കേസെടുക്കാൻ അനുമതി തേടി സോണൽ ഓഫീസ് സംസ്ഥാന അധികൃതരെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് പ്രഖ്യാപിച്ച 105 വീടുകളുടെ നിർമ്മാണത്തിലേക്ക് ലീഗ് കടക്കുന്നത്. ആദ്യഘട്ടത്തിൽ സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ വീടുകൾ ആകും നിർമ്മിക്കുകയെന്നാണ് സൂചന.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികൾ സംബന്ധിക്കും. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് നിർദിഷ്ട പദ്ധതി പ്രദേശം വീട് നിർമ്മാണത്തിന് സജ്ജമായിട്ടുണ്ടെന്നു ലീഗ് നേതാക്കൾ അറിയിച്ചു.
















