സദ്യയില്ലാതെ എന്ത് ഓണം അല്ലേ… പൂക്കളം കഴിഞ്ഞാല്‍ ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം തന്നെ സദ്യയാണ്. നൂറുകൂട്ടം വിഭവങ്ങളുണ്ടെങ്കിലും സദ്യ കേമമാകണമെങ്കില്‍ മലയാളിക്ക് നല്ല വാഴയില തന്നെ വേണം. അതും നല്ല തൂശനില.
അതില്‍ ആവി പറക്കുന്ന തുമ്പപ്പൂ നിറമുള്ള ചോറും പരിപ്പും പപ്പടവും പഴവും പായസവുമെല്ലാം നിറഞ്ഞ് രുചിയുടെ സമ്മേളനം തന്നെയായിരിക്കും. ഇലയില്‍ സദ്യ അറിഞ്ഞു കഴിക്കുമ്പോള്‍ വയറും മനസും നിറയും. പക്ഷേ ഇത്തവണ വാഴയിലയില്‍ സദ്യ കഴിക്കണമെങ്കില്‍ കൈ പൊള്ളും.
ഓണാഘോഷം ആരംഭിച്ചതോടെ വിപണിയിൽ വാഴയിലയ്ക്ക് വൻ ഡിമാൻഡാണ്. സ്‌കൂള്‍, കോളേജ്, ഓഫീസ് സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെല്ലാം ഓണാഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ വാഴയിലയ്ക്ക് ആവശ്യക്കാരേറെയാണ്. ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാര്‍ക്കറ്റുവില. ചില്ലറക്കച്ചവടക്കാർ എട്ടുരൂപ ഈടാക്കുന്നുണ്ട്.
ഓണം, കല്യാണം എന്നീ സീസൺ ആയതിനാൽ ആവശ്യക്കാരേറെയാണ് വാഴയിലയ്ക്ക്. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന തേന്‍വാഴയിലയാണ് സദ്യ വിളമ്പാന്‍ മലയാളികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്‌കൂള്‍, കോളേജ്, ഓഫീസ് സ്ഥാപനങ്ങള്‍, ഹോട്ടലുകളില്‍ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഉത്രാടത്തോടെ ചില്ലറ വില്‍പ്പനയില്‍ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സാധാരണയായി ഓണത്തിനോടടുപ്പിച്ച് പച്ചക്കറിക്ക് വില വർധിക്കുന്ന പതിവുണ്ട്. എന്നാൽ, ഓണവും വിവാഹസീസണും ഒന്നിച്ചുവന്നിട്ടും ഇതുവരെ പച്ചക്കറി വില കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഓണത്തോട് അടുക്കുമ്പോള്‍ നേരിയതോതില്‍ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
















