കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ ബിരുദ സമർപ്പണം നടന്നു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ്, അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, അമൃത സ്കൂൾ ഓഫ് ഫാർമസി, സ്‌കൂൾ ഓഫ് ബിസിനസ് എന്നിവിടങ്ങളിലെ 416 വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങിയത്.
വിവിധ കോഴ്‌സുകളിലായി മികവ് തെളിയിച്ച 34 റാങ്ക് ജേതാക്കൾക്ക് മെഡലുകളും സമ്മാനിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് ഓഫ് നഴ്സിംഗ് ബിരുദ സമർപ്പണ ചടങ്ങ് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാർ ഡോ. സോന പി എസ് ഉദ്ഘാടനം ചെയ്തു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. എസ്. രാധാകൃഷ്ണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, അമൃത സ്കൂൾ ഓഫ് ഫാർമസി, സ്‌കൂൾ ഓഫ് ബിസിനസ് എന്നിവയുടെ ബിരുദ സമർപ്പണ ചടങ്ങിൽ ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ എസ്.എസ്. ഭട്‌നഗർ ചെയർ പ്രൊഫസർ ഡോ. എ. അജയഘോഷ്, സിഫൈ ടെക്‌നോളജീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റും സിഫൈ ഇൻഫിനിറ്റ് സ്‌പെയ്‌സസ് ലിമിറ്റഡ് സി.എഫ്.ഒയുമായ ഗണേഷ് ശങ്കരരാമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ, അസോസിയേറ്റ് പ്രോവോസ്റ്റ് ഡോ. ശാന്തി കുമാർ വി നായർ, ക്യാമ്പസ് ഡയറക്ടർ ഡോ. യു കൃഷ്ണകുമാർ, അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി, അമൃത സ്കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ ഡോ. രാജീവ് പ്രസാദ്, അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ മേഖലകളിൽ ഗവേഷണം പൂർത്തിയാക്കിയ 3 പേർക്കും ബിരുദങ്ങൾ സമ്മാനിച്ചു.
content highlight: Amritha health science
















