ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് പ്രധാനമന്ത്രി മോദി സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. എസ്‌സിഒ നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം തുടരുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ചുകൊണ്ട്, അതിർത്തി കടന്നുള്ള ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിൻ്റെ ആഘാതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ തീവ്രവാദത്തിൻ്റെ ഏറ്റവും മോശം വശം നമ്മൾ കണ്ടു. ഈ ദുഃഖസമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദ രാജ്യത്തിന് താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയിൽ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് നമുക്ക് വ്യക്തമായും ഏകകണ്ഠമായും പറയേണ്ടതുണ്ട്. ഈ ആക്രമണം എല്ലാവർക്കുമുള്ള തുറന്ന വെല്ലുവിളിയായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു, “ഞങ്ങൾക്ക് ഗംഭീരമായ സ്വീകരണം നൽകിയതിന്” പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോട് നന്ദി പറഞ്ഞു. 25-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) തലവന്മാരുടെ കൗൺസിൽ ഉച്ചകോടിയുടെ പ്ലീനറി സെഷനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയാണ്. തുടർന്ന് അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം നികുതി ചുമത്തിയ ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്ക് പിന്നാലെയാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. അതുകൊണ്ട് തന്നെ ലോകം ഉറ്റുനോക്കുന്ന നിര്‍ണായകമായ ഉഭയകക്ഷി കൂടിക്കാഴ്‌ചയായിരിക്കും ഇത്.
എസ്‌സിഒ പ്ലീനറി സെഷനിലെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തുമെന്ന് ടിയാൻജിനിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. “ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി പ്രസംഗിക്കും. എസ്‌സിഒ കുടക്കീഴിൽ പ്രാദേശിക സഹകരണം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും, തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് പോകും,” മിസ്രി ഞായറാഴ്ച പറഞ്ഞു.
ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം കയറ്റുമതി ചെയ്യുന്നത് റഷ്യയാണ്. ഇന്ത്യയ്ക്ക് റഷ്യ വാഗ്ദാനം ചെയ്യുന്ന ഇളവുകള്‍ തന്നെ ഇതിനു കാരണം. ആഗോള വിപണിയേക്കാള്‍ താഴ്ന്ന നിരക്കിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇക്കാര്യവും ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. ഊർജ്ജ സുരക്ഷ, പ്രതിരോധ സഹകരണം, സാമ്പത്തിക ബന്ധങ്ങൾ എന്നിവയ്ക്ക് ചര്‍ച്ച ഊന്നൽ നൽകും. റഷ്യ-യുക്രെയ്‌ൻ യുദ്ധവും ചര്‍ച്ചയാകും. വിവിധ രാജ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫ് ഭീഷണികളും നേരിടുന്ന സമയത്താണ് ഉച്ചകോടി.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയ്‌ക്ക് സഹായം നല്‍കുകയാണെന്ന് ഇന്ത്യയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. യുക്രെയ്‌ൻ യുദ്ധത്തെ “മോദിയുടെ യുദ്ധം” എന്ന് ട്രംപിൻ്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ വിശേഷിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്കാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.
അതേസമം, ചൈന ശത്രുവല്ലെന്ന് കഴിഞ്ഞ ദിവസം മോദി വ്യക്തമാക്കിയിരുന്നു. പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയുമാണ് ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം കസാനിൽ നടന്ന ചർച്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പോസിറ്റീവ് ദിശാബോധം ഉണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിൽ ധാരണയായിട്ടുണ്ട്. കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിച്ചതായും, ഇരു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇത് മനുഷ്യരാശിയുടെയാകെ ക്ഷേമത്തിനു കാരണമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് എസ്‌സിഒയിൽ അംഗങ്ങൾ. ലോക ജനസംഖ്യയുടെ 40% ഈ രാജ്യങ്ങളിലാണ്.
















