രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഷിന്റോയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബാക്കിയുള്ളവരുടെ മൊഴി എടുക്കൽ നടക്കുക. രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകുമ്പോഴാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണസംഘത്തിന് നിർണായകമാവും. ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്. ഇവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും.
















