പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിപ്പ് നൽകി. യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യക്തിഗത, ബാങ്ക് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും പങ്കുവയ്ക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബാങ്ക്, മന്ത്രാലയം, പൊലീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് എത്തുന്ന ഫോൺ കോളുകൾ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ് നൽകിയത്.
ഫോൺ കോളുകളുടെ ഉറവിടം പരിശോധിക്കണമെന്നും കരുതലോടെ കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. സംശയാസ്പദമായ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ യഥാസമയം അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും വേണം.
റസിഡൻസി, പാസ്പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, പ്രവാസികളുടെയും തൊഴിലുടമകളുടെയും രഹസ്യ ഇടപാട് കോഡുകൾ എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചോർത്താനും പണം സ്വന്തമാക്കാനുമായിരിക്കും തട്ടിപ്പുകാർ ശ്രമിക്കുക. പരാതിപ്പെടാം: ഫോൺ 600590000, ഇമെയിൽ ask@mohre.gov.ae.
















