ഹരിപ്പാട് ആനയുടെ കുത്തേറ്റ്പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ കെട്ടഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. ആനയെ മാറ്റി കെട്ടുന്നതിനിടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. പിന്നീട് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.
കഴിഞ്ഞ മാർച്ച് മുതൽ മദപ്പാടിലായിരുന്ന ആനയെ, ഡോക്ടർമാരുടെ നിർദേശമനുസരിച്ച് മദകാലം കഴിഞ്ഞിട്ടും ഒരു മാസം വൈകിയാണ് അഴിച്ചുവിട്ടത്. ചങ്ങല അഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആന അക്രമാസക്തനായത്. ആനയെ റോഡിലേക്ക് ഇറക്കി നടത്തുന്നതിനിടെ പുറത്തുണ്ടായിരുന്ന സുനിൽ കുമാറിനെ തുമ്പിക്കൈകൊണ്ട് താഴെയിടുകയും ചവിട്ടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളയ്ക്കാൻ സമീപത്തെ ക്ഷേത്രങ്ങളിൽനിന്ന് മുരളീധരൻ നായർ ഉൾപ്പെടെ കൂടുതൽ പാപ്പാന്മാർ സ്ഥലത്തെത്തി. ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്കന്ദൻ വീണ്ടും അക്രമാസക്തനാവുകയും മുകളിലിരുന്ന മുരളീധരനെ കുലുക്കി താഴെയിട്ട് കുത്തുകയുമായിരുന്നു.
ഗുരുതര പരിക്കുകളോടെ മുരളീധരനെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11ഓടെ മരണം സംഭവിച്ചു. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ പരിശ്രമങ്ങൾക്കുശേഷമാണ് ആനയെ തളയ്ക്കാനും വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മയക്കുമരുന്ന് കുത്തിവച്ച് ശാന്തനാക്കാനും കഴിഞ്ഞത്.
കേരളത്തിലെ ഉത്സവങ്ങൾക്കും ഘോഷയാത്രകൾക്കും ആനകളെ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും, സമീപകാലത്ത് ആനകൾ ഇടയുന്നതും ആളപായമുണ്ടാക്കുന്നതുമായ സംഭവങ്ങൾ പൊതുസമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നു. മദപ്പാട് പൂർണമായും മാറിയെന്ന് ഉറപ്പാക്കാതെ ആനകളെ എഴുന്നള്ളിക്കുന്നതും ആവശ്യമായ വിശ്രമം നൽകാത്തതും ഇടച്ചിലിന് പ്രധാന കാരണങ്ങളാണ്.
തുടർച്ചയായ പണി, മോശം പെരുമാറ്റം, ഭക്ഷണത്തിൻ്റെ കുറവ് എന്നിവ ആനകളെ മാനസികമായി തളർത്തുന്നു. പടക്കം പൊട്ടിക്കുന്നതും ഉച്ചത്തിലുള്ള വാദ്യമേളങ്ങളും ജനക്കൂട്ടത്തിൻ്റെ ബഹളവും ആനകളെ ഭയപ്പെടുത്തും. മതിയായ പരിശീലനമില്ലാത്ത പാപ്പാന്മാരുടെ സാന്നിധ്യവും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.















