അഫ്‌ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടം. മരണ സംഘ്യ 622 ആയി ഉയർന്നു. 1500ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവിധയിടങ്ങളിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ട്.
അയൽ പ്രവിശ്യയായ നംഗഹാറിൽ ജലാലാബാദ് നഗരത്തിനടുത്തുള്ള കുനാർ പ്രവിശ്യയിലെ നിരവധി പട്ടണങ്ങളെ ഭൂകമ്പം ബാധിച്ചതായി വിവിധ റിപ്പോർട്ടുകളുണ്ട്. ഗുൽ, സോക്കി, വാട്‌പൂർ, ചപദാരെ എന്നീ ജില്ലകളിലായി നിരവധി പേർ മരിച്ചെന്നും പരിക്കേൽക്കുകയും ചെയ്‌തായി കുനാർ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസ്‌താവനയിൽ പറയുന്നു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യയിലെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ ഭാഗമായ നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പുറത്തുവിട്ടു.
ഞായറാഴ്‌ച അഫ്‌ഗാൻ പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കാണ് പ്രഭവകേന്ദ്രത്തെ കണ്ടെത്തിയതെന്ന് സെൻ്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എട്ട് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഇത്തരം ഭൂകമ്പങ്ങളിൽ കൂടുതൽ നാശനഷ്‌ടം വരാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ പ്രധാന ഭൂകമ്പത്തിന് ഇരുപത് മിനിറ്റുകൾക്ക് ശേഷം അതേയിടത്ത് രണ്ടാമത്തെ ഭൂകമ്പം ഉണ്ടായി, റിക്‌ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം ഇരുപത് മിനിറ്റുകൾക്ക് ശേഷം അതേയിടത്ത് ഉണ്ടായതായി ഭൗമ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് നംഗർഹാർ പൊതുജനാരോഗ്യ വകുപ്പിൻ്റെ വക്താവ് നഖിബുള്ള റഹിമി പറഞ്ഞു. രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിന്‍റെ തീവ്രത കാണിക്കുന്ന ഒരു സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതായി പ്രചരിക്കുന്നുണ്ട്
2023 ഒക്ടോബർ ഏഴിന് അഫ്‌ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം പ്രദേശത്ത് കനത്ത ദുരന്തം വിതച്ചിരുന്നു. നാലായിരം പേരോളം മരിച്ചതായി താലിബാൻ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഏകദേശം ആയിരത്തി അഞ്ഞൂറ് പേർ മരണപ്പെട്ടതായി മാത്രമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്ന കണക്ക്.
















