വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് സിപിഐക്ക് യാതൊരു അതൃപ്തിയുമില്ലെന്ന് മന്ത്രി കെ രാജൻ. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണിതെന്നും, ഇത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും അദ്ദേഹം കാസർകോട് വച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. സിപിഐക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ ഒരു അഭിപ്രായം ഉയർന്നുവന്നത് തൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജനാധിപത്യപരമായി അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് മന്ത്രി മറുപടി പറഞ്ഞു. സംവാദങ്ങൾക്കുള്ള ഇടം അടയ്ക്കേണ്ടതില്ലെന്നും, ഫാസിസത്തിനെതിരെയാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിൻ്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നതുകൊണ്ട് അത് സിപിഐയുടെ അഭിപ്രായമാവില്ലെന്നും കെ രാജൻ പറഞ്ഞു.
ബിനോയ് വിശ്വം നടത്തിയ വിഭാഗീയത പരാമർശത്തിൽ മാധ്യമങ്ങളുടെ നിരാശ തനിക്ക് മനസിലാക്കാൻ കഴിയുന്നുവെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും മന്ത്രി വ്യക്തമാക്കി. എവിടെയും വിഭാഗീയത ഇല്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാൽ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിൻ്റെ വീട് നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ലീഗ് സ്വന്തം കഴിവുകേടുകൾ മറയ്ക്കാൻ സർക്കാരിനെ വിമർശിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
















