അമേരിക്കയുടെ അധിക ചുങ്കം മൂലം തമിഴ്നാടിനി 390 കോടി അമേരിക്കന്‍ ഡോളറിന്‍റെ അതായത് 34,642 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ആവശ്യം. സംസ്ഥാനത്ത നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഗൈഡന്‍സ് തമിഴ്‌നാടാണ് ഇക്കാര്യം ചൂണ്ടിക്കാണ്ടിയിരിക്കുന്നത്.തമിഴ്‌നാട്ടിലെ വസ്‌ത്ര വ്യവസായ മേഖലയില്‍ മാത്രം 162 കോടി അമേരിക്കന്‍ ഡോളര്‍ അതായത് 14280 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ അധിക നികുതി ഏറ്റവും അധികം ബാധിക്കുക തമിഴ്‌നാട്ടിലെ വസ്‌ത്ര വ്യവസയായത്തെ ആയിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.സംസ്ഥാനത്തെ വസ്‌ത്ര മേഖലയടക്കം കയറ്റുമതിയെ ആശ്രയിക്കുന്ന എല്ലാ വ്യവസായങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രത്തിന് കത്ത് നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യന്‍ കയറ്റുമതിയുടെ ഇരുപത് ശതമാനവും അമേരിക്കയിലേക്കാണ്. 2024-25 വര്‍ഷം തമിഴ്‌നാട്ടില്‍ നിന്ന് അമേരിക്കയിലേക്കുള്ള വസ്‌ത്ര കയറ്റുമതി മാത്രം 32 ശതമാനമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അമേരിക്കയുമായി വ്യാപാരബന്ധത്തിലുണ്ടാകുന്ന പ്രശ്‌നം തമിഴ്‌നാടിനെ വളരെ മോശമായി ബാധിക്കും. വസ്‌ത്രം, ആഭരണം, യന്ത്രങ്ങള്‍, വാഹന ഭാഗങ്ങള്‍ തുടങ്ങിയ വ്യവസായമേഖലകളില്‍ ഉണ്ടാകുന്ന കയറ്റുമതി ഇടിവ് ധാരാളം തൊഴിലുകളും നഷ്‌ടപ്പെടുത്തും. നിലവിലുള്ള തൊഴില്‍ സേനയുടെ പതിമൂന്ന് ശതമാനം മുതല്‍ 21ശതമാനം വരെ നഷ്‌ടത്തിന് ഇത് കാരണമാകും.
നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ മുപ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ മൊത്തം വസ്‌ത്ര കയറ്റുമതിയുടെ 28ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. തിരുപ്പൂരാണ് സംസ്ഥാനത്തെ വസ്‌ത്ര കയറ്റുമതി കേന്ദ്രം. കഴിഞ്ഞ വര്‍ഷം മാത്രം വസ്‌ത്ര കയറ്റുമതിയിലൂടെ ഇവിടേക്ക് വന്നത് 40,000 കോടി രൂപയാണ്.
കയറ്റുമതി രംഗത്തിനേല്‍ക്കുന്ന ഈ തിരിച്ചടി സ്‌ത്രീകളെയാകും ഏറെ ബാധിക്കുകയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തിരുപ്പൂരിലെ വസ്‌ത്രമേഖലയിലെയും അനുബന്ധ തൊഴിലുകളിലെയും 65 ശതമാനവും സ്‌ത്രീകളാണ്. ഓഗസ്റ്റ് പതിനാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചാണ് സ്റ്റാലിന്‍ വീണ്ടും അടിയന്തര ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.
അതേസമയം പരുത്തി ഇറക്കുമതിക്ക് 11 ശതമാനം തീരുവ വെട്ടിക്കുറച്ച നടപടിയെ സ്റ്റാലിന്‍ സ്വാഗതം ചെയ്‌തു. ഡിസംബര്‍ 31 വരെയാണ് ഇറക്കുമതി തീരുവയില്‍ ഇളവ് വരുത്തിയിട്ടുള്ളത്. ഈ ആശ്വാസം പക്ഷേ താത്ക്കാലികമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കപ്പെടണമെങ്കില്‍ അമേരിക്ക തീരുവ പിന്‍വലിക്കുക തന്നെ വേണമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറയുന്നു. കേന്ദ്രം അടിയന്തരമായി സമഗ്ര നടപടി കൈക്കൊണ്ടില്ലെങ്കില്‍ തമിഴ്‌നാടിന്‍റെ കയറ്റുമതി രംഗത്തെ നട്ടെല്ലായ വസ്‌ത്ര വ്യവസായ രംഗം ആകെത്തകരുമെന്നും മുഖ്യമന്ത്രി പറയുന്നു. പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്‌ടമാകും. രാജ്യത്തെ ചലനാത്മകമായ ഒരു വ്യവസായസംസ്ഥാനത്ത് വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടുന്നു.
















