കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിച്ചതായും 400-ൽ അധികം പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണത്തിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS)യുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:47-നാണ് (ഇന്ത്യൻ സമയം 12:47 AM) സംഭവിച്ചത്. 160 കിലോമീറ്റർ ആഴത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അക്ഷാംശം 34.50N-നും രേഖാംശം 70.81E-നും ഇടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ 4.7, 4.3, 5.0, 5.0 എന്നിങ്ങനെ തീവ്രതയുള്ള തുടർചലനങ്ങളും ഉണ്ടായി. ഭൂകമ്പത്തിന്റെ ആഘാതം പാകിസ്ഥാനിലും ഉത്തരേന്ത്യയിലും വരെ അനുഭവപ്പെട്ടു. ഡൽഹി-എൻസിആർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുനാർ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങൾ പൂർണ്ണമായും തകർന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ ഭൂകമ്പമാണ് മേഖലയിലുണ്ടായത്. മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച ദുർബലമായ കെട്ടിടങ്ങളാണ് ഇവിടെ കൂടുതലുള്ളത്. ഇത് ഭൂകമ്പത്തിന്റെ ആഘാതത്തിൽ പെട്ടെന്ന് തകരാൻ കാരണമായി.
ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഒരു പ്രധാന സീസ്മിക് ഫാൾട്ട് ലൈനിലാണ് അഫ്ഗാനിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാക്കി ഈ രാജ്യത്തെ മാറ്റുന്നു. ഹിന്ദു കുഷ് പർവതനിരകളിൽ ചരിത്രപരമായി പതിവ് ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 7, 2023-ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ്. എ.പി. വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച് 4,000 പേർ മരിച്ചപ്പോൾ ഐക്യരാഷ്ട്രസഭ മരണസംഖ്യ 1,500 ആയാണ് രേഖപ്പെടുത്തിയത്.
















