ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) നേതാക്കളുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 40 മിനുട്ട് നീണ്ടു നിന്ന സംഭാഷണമാണ് മോദിയും പുടിനും തമ്മിൽ നടത്തിയത്. 20 ലധികം വിദേശ നേതാക്കളും 10 അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത രണ്ട് ദിവസത്തെ ഉച്ചകോടി, സുരക്ഷാ വെല്ലുവിളികൾ നേരിടുക, സാമ്പത്തിക ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, ആഗോള ദക്ഷിണ രാഷ്ട്രങ്ങളുടെ കൂട്ടായ ശബ്ദം വർദ്ധിപ്പിക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ പ്രസിഡന്റ് പുടിനുമായി മികച്ച ഒരു കൂടിക്കാഴ്ച നടത്തി. വ്യാപാരം, വളം, ബഹിരാകാശം, സുരക്ഷ, സംസ്കാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. ഉക്രെയ്‌നിലെ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരം ഉൾപ്പെടെ, പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറി. നമ്മുടെ പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം പ്രാദേശിക, ആഗോള സ്ഥിരതയുടെ ഒരു സുപ്രധാന സ്തംഭമായി തുടരുന്നു.” കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
















