ജർമനിയിലെ നോർത് റൈൻ ജില്ലയിലാണ് കൊളോൺ നഗരം സ്ഥിതിചെയ്യുന്നത്. സ്ഥലത്തെ പ്രധാനാകർഷണം അവിടുത്തെ ഗോതിക് മാസ്റ്റർപീസ് ആയ കത്തീഡ്രൽ തന്നെയാണ്. ജർമ്മനിയിലെ കൊളോണിൽ സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്കാ ദേവാലയമാണ് കൊളോൺ കത്തീഡ്രൽ. ഡോം എന്നും ഇതറിയപ്പെടുന്നു.
ക്രിസ്തുവിനു മുൻപ് 35 വർഷത്തിൽത്തന്നെ ജനവാസമുണ്ടായിരുന്ന പ്രദേശത്ത് എ ഡി 50 ൽ റോമാക്കാർ പിടിമുറുക്കിയെന്നാണു ചരിത്രം. റൈൻ നദിയുടെ തീരനഗരത്തിൽ ഇന്നും പഴയ കാല റോമൻ ചരിത്രാവശിഷ്ടങ്ങളുണ്ട്. കോട്ടകളും കൊത്തളങ്ങളും നദിക്കു കുറുകെ പാലങ്ങളുമൊക്കെയായി വലിയൊരു നഗരമായിരുന്നു അന്ന്. പന്ത്രണ്ടാം നൂറ്റാണ്ടിൽത്തന്നെ അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമായിരുന്നു കൊളോൺ. ഗോഥിക് വാസ്തു വിദ്യയിലുള്ള കൊളോൺ കത്തീഡ്രൽ വിശുദ്ധ പത്രോസിന്റെയും മറിയയുടെയും പേരിലുള്ളതാണ്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെട്ട പള്ളിയിൽ ദിവസവും അതിഥികളായി എത്തുന്നത് ആയിരത്തിലധികം പേരാണ്. 1248 ൽ തുടങ്ങിയ ദേവാലയത്തിന്റെ പണി ഇന്നും അവസാനിച്ചിട്ടില്ല. 1880 ലാണ് ഇപ്പോൾ കാണുന്ന അവസ്ഥയിൽ പണിയെത്തിയെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. 515 അടി ഉയരമുള്ള ഗോപുരങ്ങൾ അക്കാലത്ത് എങ്ങനെ പണിതു എന്നത് ഇന്നും അദ്ഭുതപ്പെടുത്തുന്ന ഒരു ചോദ്യമാണ്.
വിലമതിക്കാത്ത പ്രതിമകളുടെയും നിധികളുടെയും ഇരിപ്പിടം കൂടിയാണ് കൊളോൺ കത്തീഡ്രൽ. 1322ൽ പണിത15 അടി ഉയരമുള്ള മുഖ്യ അൾത്താരയാണ് അകകാഴ്ചകളിലെ ആകർഷണം. കറുത്ത മാർബിളിലാണ് ഇതിന്റെ നിർമിതി. മൂന്നു രാജാക്കൻമാരുടെ അൾത്താരയാണ് മറ്റൊരു ആകർഷണം. ഇതിനൊക്കെപ്പുറമെ തിരു അവശിഷ്ടങ്ങളും പലയിടത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. കത്തീഡ്രലിലെ അപൂർവമായ ഭീമാകാരൻ മണികളും ചിത്രപ്പണികളും ആരിലും കൗതുകമുണർത്തുന്ന കാഴ്ചയാണ്. അതിഥികൾക്ക് തിങ്കൾ മുതൽ ശനി വരെ കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ദേവാലയം സന്ദർശിക്കാവുന്നതാണ്. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെയാണ് പ്രവേശന സമയം.
















