വിശാലമായ കടൽത്തീരങ്ങൾ ആരെയും ആകർഷിക്കുന്ന ഭൂപ്രകൃതി എന്നിവയാൽ സമ്പന്നമാണ് ബാലി. വിനോദസഞ്ചാരികളുടെ പറുദീസയായ ബാലിയിലെ പ്രധാന ആകർഷണം അവിടുത്തെ ജെമെലുക്ക് ബീച്ച് ആണ്. ബാലിയുടെ കിഴക്കൻ ഭാഗത്തുള്ള മത്സ്യബന്ധന ഗ്രാമങ്ങളുടെ കൂട്ടമായ അമേദിലാണ് ജെമെലുക്ക് ബീച്ച് സ്ഥിതിചെയ്യുന്നത്.
പാന്റായി ജെമെലുക്ക് എന്നും അറിയപ്പെടുന്ന ഇത് അമേദിലെ ഏറ്റവും മികച്ച ഡൈവിങ് സൈറ്റുകളിൽ ഒന്നാണ്, കൂടാതെ അണ്ടർവാട്ടർ ഫൊട്ടോഗ്രാഫിക്ക് അനുയോജ്യവുമാണ്. ജെമെലുക്ക് ബീച്ചിലെ തെളിഞ്ഞതും താഴ്ന്നതുമായ ജലപ്രവാഹം സമാധാനപരമായ ഡൈവിങ് ഉറപ്പുവരുത്തുന്നു. അതുകൊണ്ടുതന്നെ, തുടക്കക്കാർക്ക് അവരുടെ ഡൈവിങ് ആരംഭിക്കാൻ ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണ് ഇത്.
അഗുങ് പരവ്വതത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ ബീച്ചില്‍, ഡൈവിങ്ങിനു പുറമേ, വിനോദസഞ്ചാരികൾക്ക് സ്നോർക്കലിങ് നടത്താനും പറ്റും. ആഴം കുഴഞ്ഞ ഭാഗമായതിനാല്‍ പേടിയില്ലാതെ നീന്താം. സ്നോർക്കലിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 9 നും ഉച്ചയ്ക്ക് 12 നും ഇടയിലാണ്
മുകള്‍വശത്ത് നിന്നും നോക്കുമ്പോള്‍ ബീച്ചിലെ കറുത്ത മനോഹരമായ മണലാണ് ആദ്യം ശ്രദ്ധിക്കുക. അതിനാല്‍ ഈ ബീച്ചിനെ ‘കറുത്ത സുന്ദരി’ എന്നു വിളിക്കുന്നു. എന്നാല്‍, ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. ഇവിടെ കടലിനടിയിലായി ഒരു അണ്ടർവാട്ടർ തപാല്‍പ്പെട്ടി ഉണ്ട്. കക്കകളും പവിഴപ്പുറ്റുകളും കൊണ്ട് അലങ്കരിച്ച ഒരു ചെറിയ പോസ്റ്റ് ബോക്സാണിത്. വെള്ളത്തിനടിയിൽ നിന്ന് ഏകദേശം 5 മീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാധാരണയായി സ്നോർക്കെലിങ്ങിനും ഡൈവിങ്ങിനും പോകുന്നവർക്ക് ഈ പോസ്റ്റ് ഓഫീസിലേക്ക് ഇറങ്ങിച്ചെല്ലാൻ എളുപ്പമാണ്. എന്നാല്‍ ഇവിടെ നിന്നും കത്തയയ്ക്കുന്നത് ഒരു സാധാരണ കത്തെഴുത്ത് പോലെ അത്ര എളുപ്പമല്ല.
ആദ്യം, ഒരു വാട്ടർപ്രൂഫ് പോസ്റ്റ്കാർഡ് വാങ്ങണം. സാധാരണ പോസ്റ്റ്കാർഡുകൾക്ക് പകരം, പ്രത്യേക പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പോസ്റ്റ്കാർഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളം നനഞ്ഞാലും മാഞ്ഞുപോകാത്ത ഒരു പ്രത്യേകതരം വാട്ടർപ്രൂഫ് പേന ഉപയോഗിച്ചാണ് പോസ്റ്റ്കാർഡിൽ സന്ദേശം എഴുതുന്നത്. പോസ്റ്റ്കാർഡിൽ സന്ദേശം എഴുതിക്കഴിഞ്ഞാൽ, ഡൈവിങ് അല്ലെങ്കിൽ സ്നോർക്കെലിങ് ഗിയറുകൾ ധരിച്ച് കടലിനടിയിലേക്ക് പോകാം. കടലിനടിയിലുള്ള പോസ്റ്റ് ഓഫീസിൽ എത്തിയാൽ, പോസ്റ്റ്കാർഡ് അതിൽ നിക്ഷേപിക്കാം. ദിവസവും ജീവനക്കാർ ഇവിടെയെത്തി പോസ്റ്റ്കാർഡുകൾ ശേഖരിച്ച് അതാത് സ്ഥലങ്ങളിലേക്ക് അയയ്ക്കും!
ഒരു പരമ്പരാഗത ബാലിനീസ് ക്ഷേത്രം പോലെ രൂപകൽപ്പന ചെയ്ത ഒരു കൃത്രിമ പവിഴപ്പുറ്റ് ഘടനയായ ഈ മെയില്‍ ബോക്സിന്‍റെ പ്രധാന ഉദ്ദേശം, ജെമെലുക്ക് ഉൾക്കടലിൽ പവിഴപ്പുറ്റുകളുടെ വളർച്ചയും സമുദ്രജീവികളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതോടൊപ്പം തന്നെ ഇതൊരു വിനോദസഞ്ചാര ആകര്‍ഷണം കൂടിയാണ്. ബാലിയിലെ മിക്ക ബീച്ചുകളിലെയും പോലെതന്നെ, ഈ ബീച്ചിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും, പാർക്കിങ്, നീന്തൽ ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് കത്തി വിലയാണ്. സ്നോർക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കാന്‍, പ്രതിദിനം 100,000 മുതൽ 200,000 IDR വരെയാണ് ചെലവ്.
ജെമെലുക്ക് ബീച്ചിൽ തന്നെ ചെയ്യാൻ ധാരാളം കാര്യങ്ങള്‍ ഉണ്ടെങ്കിലും ഇതിനരികിലായി വേറെയും കാഴ്ചകളുണ്ട്. മനോഹരമായ ജല ഉദ്യാനങ്ങൾക്ക് പേരുകേട്ട തിർത്ത ഗംഗ വാട്ടർ പാലസ്, സ്വർഗത്തിലേക്കുള്ള കവാടം” എന്നും അറിയപ്പെടുന്ന ലെംപുയാങ് ക്ഷേത്രം, ബാലിനീസ്, യൂറോപ്യൻ വാസ്തുവിദ്യാ സ്വാധീനമുള്ള തമൻ ഉജുങ് വാട്ടർ പാലസ്, ബാലിയിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമങ്ങളിലൊന്നായ തെങ്കാനന്‍ തുടങ്ങിയവയല്ലാം അടുത്തു തന്നെയാണ് ഉള്ളത്. സാധാരണയായി ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലമാണ് ജെമെലുക്ക് ബീച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഡെൻപസാറിൽ നിന്നോ ഉബുദിൽ നിന്നോ ഏകദേശം 3 മണിക്കൂർ ഡ്രൈവ് ചെയ്താൽ ജെമെലുക്ക് ബീച്ചിലെത്താം. പൊതു ബീച്ചായതിനാൽ ജെമെലുക്ക് ബീച്ച് 24/7 തുറന്നിരിക്കും. എന്നിരുന്നാലും അതിരാവിലെ സൂര്യോദയം കാണാനും വൈകുന്നേരം സൂര്യാസ്തമയം കാണാനും തിരക്കേറാറുണ്ട്.
















