വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മഹാദേവപുരത്ത് പൊട്ടിച്ചത് വെറുമൊരു ‘അണുബോംബ്’ മാത്രമാണെന്നും, ഉടൻ തന്നെ ‘ഹൈഡ്രജൻ ബോംബ്’ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വോട്ടർ അധികാർ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാറ്റ്‌നയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികൾ ഇപ്പോൾ ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടർമാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനും വോട്ട് മോഷണം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ എന്നിവക്കെതിരെ പ്രതിഷേധിക്കുന്നതിനുമായിട്ടാണ് 16 ദിവസം നീണ്ടുനിന്ന ഈ യാത്ര സംഘടിപ്പിച്ചത്. ഡോ. ബിആർ അംബേദ്കറിൻ്റെയും മഹാത്മാഗാന്ധിയുടെയും ഭരണഘടന നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഞങ്ങൾ അനുവദിക്കില്ല. ഈ യാത്രക്ക് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ബിഹാറിലെ ഓരോ യുവാവും കുട്ടികളും ഞങ്ങളോടൊപ്പം നിന്നു.
ബിജെപിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഞങ്ങൾ മഹാദേവപുരത്ത് അണുബോംബ് മാത്രമാണ് കാണിച്ചത്, എന്നാൽ ഉടൻ തന്നെ ഞങ്ങൾ ഹൈഡ്രജൻ ബോംബുമായി വരും. നിങ്ങളുടെ സത്യങ്ങൾ രാജ്യത്തിന് മുന്നിൽ തുറന്നു കാട്ടും. ഹൈഡ്രജൻ ബോംബ് പൊട്ടിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണം എന്നാൽ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















