യൂറോപ്യൻ മാർക്കറ്റിൽ ടെസ്‌ലക്ക് തിരിച്ചടി. യൂറോപ്യൻ വാഹന വില്‍പനയില്‍ ഇപ്പോൾ ബിവൈഡി ആണ് താരം. ജൂലൈയിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോൾ ടെസ്‌ലയേയും മറികടക്കുന്ന മിന്നും പ്രകടനം ബിവൈഡി കാഴ്ചവെച്ചിരിക്കുകയാണ്.
ജൂലൈയില്‍ 13,503 കാറുകളാണ് യൂറോപില്‍ ബിവൈഡി വിറ്റതെങ്കില്‍ ടെസ്‌ലയുടെ വില്‍പന 8,837ല്‍ ഒതുങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിവൈഡി 225% വില്‍പന വളര്‍ച്ച നേടിയപ്പോള്‍ ടെസ്‌ലയുടെ വില്‍പന 40 ശതമാനം ഇടിയുകയായിരുന്നു. ബിവൈഡിയുടെ വളര്‍ച്ചക്കൊപ്പം യൂറോപ്യന്‍ വിപണിയില്‍ ടെസ്‌ലയുടെ തളര്‍ച്ചയും കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഭവിക്കുന്നുണ്ട്. തുടര്‍ച്ചയായി ഏഴാമത്തെ മാസമാണ് ടെസ്‌ലയുടെ വില്‍പന താഴേക്കു പോയത്. യൂറോപില്‍ പൊതുവായി ഇലക്ട്രിക് വാഹന വിപണി മുന്നേറുമ്പോഴാണ് ടെസ്‌ല ഈ തിരിച്ചടി നേരിടുന്നത്. കടുത്ത നിയന്ത്രണങ്ങളും അധിക തീരുവയും മറികടന്നാണ് ബിവൈഡിയുടെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂണിയന്‍ ആന്റി സബ്‌സിഡി റൂള്‍സ് പ്രകാരം ബിവൈഡിക്ക് അധികമായി 27% ഇറക്കുമതി നികുതി നല്‍കേണ്ടതുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് വാഹനമോഡലുകളും ബിവൈഡിയുടെ വില്‍പനയെ സഹായിച്ചു. മറുഭാഗത്ത് ടെസ്‌ലയുടെ മോഡലുകളില്‍ അടുത്തകാലത്ത് കാര്യമായ വൈവിധ്യം വന്നതുമില്ല.
യൂറോപിലെ പ്രധാന നഗരങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിക്കാനായതും ബിവൈഡിയുടെ നേട്ടമായി. അഞ്ചു മിനുറ്റ് ചാര്‍ജ് ചെയ്ത് 400 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഫാസ്റ്റ് ചാര്‍ജിങ് അവതരിപ്പിച്ചതും ഓട്ടോണമസ് ഡ്രൈവിങ് ഫീച്ചറായ ‘ഗോഡ്‌സ് ഐ’ അധിക നിരക്ക് ഈടാക്കാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചതുമെല്ലാം ബിവൈഡിയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. ടെസ്‌ലയാവട്ടെ ഡ്രൈവര്‍ അസിസ്റ്റര്‍സ് സിസ്റ്റം പോലുള്ള പ്രീമിയം ഫീച്ചറുകള്‍ അധിക നിരക്ക് ഈടാക്കിയാണ് നല്‍കുന്നത്. സ്‌പെയിനില്‍ ജൂലൈയില്‍ 2,158 കാറുകളാണ് ബിവൈഡി വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ഇരട്ടിയാണ് വില്‍പന വളര്‍ച്ച. യുകെ വിപണിയില്‍ ബിവൈഡി വാഹന റജിസ്‌ട്രേഷന്‍ ജൂലൈയില്‍ 3,184 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവ്. ജര്‍മനിയില്‍ 390 ശതമാനം വില്‍പന വളര്‍ച്ച നേടാനും ബിവൈഡിക്ക് സാധിച്ചു. അതേസമയം യൂറോപിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ജര്‍മനിയില്‍ ടെസ്‌ലയുടെ വില്‍പന 55 ശതമാനം ഇടിഞ്ഞു. ഡെന്മാര്‍ക്ക്, നോര്‍വെ, സ്‌പെയിലന്‍, സ്വീഡന്‍, പോര്‍ച്ചുഗല്‍ എന്നീ വിപണികളിലും ബിവൈഡി ജൂലൈയില്‍ വളര്‍ച്ച നേടി.
2025 അവസാനിക്കുമ്പോഴേക്കും 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കൂടി വ്യാപാരം ആരംഭിക്കാന്‍ ബിവൈഡിക്ക് പദ്ധതിയുണ്ട്. ഹംഗറിയില്‍ കാര്‍ നിര്‍മാണവും ബിവൈഡി ആരംഭിക്കും. ഇതോടെ നിര്‍മാണ ചിലവും ഇറക്കുമതി തീരുവയും കുറക്കാനും കൂടുതല്‍ ശക്തമായി യൂറോപില്‍ സാന്നിധ്യം ഉറപ്പിക്കാനും ബിവൈഡിക്ക് സാധിക്കും. വരും മാസങ്ങളിലും അമേരിക്കന്‍-ചൈനീസ് കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തമായി തുടരാനാണ് സാധ്യത.
















