റാന്നി: സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടി. ഇതോടെ സംസ്ഥാനപാതയുടെ മധ്യഭാഗം തകര്‍ന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നി ബ്ലോക്കുപടി കുത്തുകല്ലുങ്കല്‍ പടിക്കും മന്ദിരത്തിനുമിടയിലാണ് റോഡ് തകര്‍ന്നത്.
തകര്‍ന്ന ഭാഗത്തിന്റെ ഇരുവശത്തുകൂടിയും വാഹനങ്ങള്‍ക്ക് കടന്നുപോകാനായതിനാല്‍ ഗതാഗതത്തെ സാരമായി ബാധിച്ചില്ല. തിങ്കളാഴ്ച പകല്‍ ഒരു മണിയോടെയാണ് സംഭവം. റോഡിന്റെ വശത്തുകൂടി എയര്‍ടെല്‍ കമ്പനിയുടെ ഒപ്റ്റിക്കല്‍ ബൈഫര്‍ കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് റാന്നി മേജര്‍ ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. ശക്തിയായി റോഡിനടിയിലൂടെ ഒഴുകിയ വെള്ളം പാതയുടെ മധ്യഭാഗം തകര്‍ത്ത് റോഡിലേക്ക് ഒഴുകുകയായിരുന്നു.
















