ഷവർമയ്ക്കും അൽഫാമിനും ഒപ്പം മയൊണൈസ് ഇല്ലാതെ പാടില്ലാത്ത അവസ്ഥയാണ് ആളുകൾക്ക്. ബ്രഡ് കഴിക്കാൻ വരെ മയോണൈസ് വേണം. രുചി നൽകുന്നതിന് ഒപ്പം തന്നെ ആരോഗ്യത്തിന് വലിയ റിസ്ക് ആണ് മയോണൈസ് നൽകുന്നത്. സാൻഡ്‌വിച്ചുകളിലും സാലഡുകളിലും മാത്രമല്ല ബ്രോസ്റ്റഡ് ചിക്കനും മന്തിയും എല്ലാം കഴിക്കാൻ മയോണൈസ് നിർബന്ധമായിട്ടുള്ളവരാണ് ഇന്ന് കൂടുതലും.
ഉയർന്ന കാലറി മുതൽ ഫാറ്റി ആസിഡ് ഘടന വരെയുള്ള മയോണൈസിനെ ഒന്ന് സൂക്ഷിക്കുന്നതാണ് ഉത്തമം. ഹൃദയാരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും അത് നല്ലതായിരിക്കും. മയോണൈസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആശങ്കകളിൽ ഒന്ന് കൂടിയ കാലറിയാണെന്ന് സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡി. മദൻ മോഹൻ പറയുന്നു. മയോണൈസ് ഒരു കറി പോലെ ഒഴിച്ചു കഴിക്കുന്നവർ മനസ്സിലാക്കാത്തത്, കൊളസട്രോൾ പണി തരുമെന്നാണ്.
മുട്ടയും വിനാഗിരിയും എണ്ണയും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. അടുക്കളയിലെ സാധാരണ വിഭവങ്ങൾ കൊണ്ടു തന്നെ ഉണ്ടാക്കുന്നതിനാൽ ഇതിന് ആരാധകരും ഏറെയാണ്. മയോണൈസ് സാൻഡ്‌വിച്ചുകൾ, സലാഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ ഡിപ്പ് ആയും ഉപയോഗിക്കുന്നു. നിലവിൽ കേരളം മുഴുവൻ മന്തി ഫാൻസ് ആണെന്നാണ് പറയാറുള്ളത്, ആ ഇഷ്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ മയോണൈസ് തന്നെയാണ്.
മയോണൈസിൽ ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. പക്ഷേ, മിക്ക ആളുകൾക്കും നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ഇത് ലഭിക്കുന്നുണ്ട്. അമിതമായി മയോണൈസ് കഴിക്കുന്നത് ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ശരീരത്തിൽ വീക്കമുണ്ടാക്കുകയും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫാറ്റി ആസിഡുകളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
















