തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പനാണ് മീറ്റിങ്ങിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. എന്നാൽ, രജിസ്ട്രാർ അനിൽകുമാറിന് പകരം മിനി കാപ്പൻ നോട്ടീസ് അയക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.
അധികാരത്തർക്കത്തിനിടെ മാർച്ചിൽ പൂർത്തിയാക്കേണ്ട 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ടിന്റെ വിനിയോഗം സ്തംഭനത്തിലാണ്. ഫണ്ട് അടിയന്തരമായി വിനിയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടും. പിഎച്ച്ഡി അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. സാങ്കേതിക സർവ്വകലാശാലയിലും ഇന്ന് സിൻഡിക്കേറ്റ് യോഗം നടക്കും.
















