എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ കൂടുതൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നൽകാൻ ഇവർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.
യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവർത്തകരുടെയും മൊഴിയും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്ര പരാതിയിൽ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉൾപ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്.
















