ഇടുക്കി: മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജമെന്ന് കോടതി. ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടു. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം. 3 വർഷം ജയിലിൽ കിടന്നു. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി.
2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികളുടെതെന്ന് കോടതി വിമർശിച്ചു. ഇതിന് കോളേജ് പ്രിൻസിപ്പൽ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു.
















