തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ്(65) കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയായിരുന്നു. ഇതിനിടയിൽ മധ്യസ്ഥത വഹിക്കാനും നിഷാദിനെ പിടിച്ചുവെക്കാനുമായി എത്തിയതിനെ തുടർന്നാണ് രവീന്ദ്രനെ പ്രതി മർദിച്ചത്. ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മദ്യപിച്ച് വീട്ടിലെത്തി കുടുംബവുമായി ബഹളമുണ്ടാക്കിയതിനെ തുടർന്ന് തടയാൻ ശ്രമിച്ച പിതാവിനെ നിഷാദ് ചവിട്ടിവീഴ്ത്തുകയായിരുന്നു. ശേഷം മർദിക്കുകയും ചെയ്തതായാണ് വിവരങ്ങൾ. നിഷാദിനെ നെയ്യാർ ഡാം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ഡ്രൈവറാണ് നിഷാദ്.
















