നവോത്ഥാന മുന്നേറ്റത്തിൻ്റെ ഭാഗമെന്ന നിലയില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന മുന്‍ നിലപാടില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്നോട്ട്. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിനു മുന്നിലുള്ള യുവതീ പ്രവേശ ഹര്‍ജിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാൻ ആലോചിക്കുകയാണ്.
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് ദേവസ്വം ബോര്‍ഡിൻ്റെ നിലപാടെന്ന് അയ്യപ്പ സംഗമത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. താന്‍ പറഞ്ഞതെന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. ശബരിമലുടെ ആചാരങ്ങള്‍ നിയമ വിദഗ്‌ധരുമായി ആലോചിച്ച് നിലിവില്‍ കേസ് പരിഗണിക്കുന്ന ഭരണ ഘടനാ ബഞ്ചിനു മുന്നില്‍ അവതരിപ്പിക്കും എന്നാണ് സൂചന.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പു ലഭിച്ചാല്‍ ആഗോള അയ്യപ്പ സംഘമവുമായി സഹകരിക്കുമെന്ന് പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും പ്രഖ്യാപിച്ചത് സര്‍ക്കാരിന് പ്രത്യേക ഊര്‍ജം പകുന്നതാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ സംഘനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനും അവരെ പരമാവധി കൂടെ നിര്‍ത്തുന്നതും ഉദ്ദേശിച്ച് സര്‍ക്കാരിൻ്റെയും സിപിഎമ്മിൻ്റെയും നിര്‍ദ്ദേശ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ നിലപാടുമാറ്റമെന്നാണ് സൂചന.
അതേ സമയം രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ ആചാര സംരക്ഷണത്തിന് പാര്‍ലമെൻ്റില്‍ പ്രത്യേക നിയമം പാസാക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി ഇക്കാര്യത്തില്‍ എന്തു ചെയ്തുവെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ല. ശബരിമല തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവരും ശബരിമലയുടെ വികസനത്തില്‍ താത്പര്യമുള്ളവര്‍ക്കുമാണ് സംഗമത്തില്‍ പ്രവേശനം.
കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്ത് സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയൊരുക്കണമെന്ന അഭ്യര്‍ഥന മുന്നോട്ടു വച്ചതിൻ്റെ അടിസ്ഥാനത്തില്‍ അത്തരം ഒരു വേദി എന്ന നിലയിലാണ് ആഗോള അയ്യപ്പ സംഗമം എന്ന ആശയത്തിലേക്കെത്തിയത്. ഇതിൻ്റെ പിന്നിലെ പ്രധാന ഉദ്ദേശ്യം തത്വമസി എന്ന സന്ദേശം മാനവ മൈത്രിയുടെ മാതൃകാ സങ്കേതമായ ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കാന്‍ സാധിക്കുക എന്നതാണ്.
ആഗോള തലത്തില്‍ അയ്യപ്പ ഭക്തന്‍മാരില്‍നിന്ന് അഭിപപ്രാങ്ങള്‍ സ്വാംശീകരിക്കുക, സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കുക, അവരുടെ നിര്‍ദേശവും പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തുക എന്നിവയാണ് അടിസ്ഥാന ലക്ഷ്യങ്ങളായി ഉദ്ദേശിച്ചത്. വരാന്‍ പോകുന്ന മണ്ഡലം-മകര വിളക്ക് സീസണിൻ്റെ വിളംബരം കൂടിയാക്കി ഇതിനെ മാറ്റണം എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായ സംഘാടകസമിതിയാണ് ഇത് നടത്തുന്നത്. രക്ഷാധികാരികള്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവരാണ്. പുറമേ ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും മാത്രം ഉള്‍പ്പെട്ട ഒരു സ്റ്റിയറിങ് കമ്മിറ്റിയും ഉണ്ടാകും. നാല് കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സംഗമം പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ് തീരുമാനം.
500 ലധികം പേരെ താമസിപ്പിക്കുന്നതിനും അവര്‍ക്ക് യാത്രാ സൗകര്യം ചെയ്യുന്നതിനും ചെലവു വഹിക്കേണ്ടിവരും. ഇതിൻ്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ശബരിമല വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ എട്ട്, ഒന്‍പതു വര്‍ഷമായി പാസ്‌പോര്‍ട്ട് രേഖ പ്രകാരം ശബരിമല ദര്‍ശനം നടത്തുന്ന ഏകദേശം 15,000 പേരുണ്ട്. ഇതില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ദര്‍ശനം നടത്തുന്ന 4000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
സെപ്തംബര്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. അയ്യപ്പ ഭക്തരും ജനപ്രതിനിധികളുമായിരിക്കും സംഗമത്തില്‍ പൂര്‍ണമായും പങ്കെടുക്കുക. പ്രത്യേക ക്ഷണിതാക്കള്‍ക്കു മാത്രമായിരിക്കും പ്രവേശനം. കേരളത്തില്‍ നിന്ന് 800 പേരും തമിഴ്‌നാട്ടില്‍ നിന്നും 500 പേരും കര്‍ണാടകത്തില്‍ നിന്ന് 250 പേരും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 250, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 200 പേര്‍, വിദേശത്തു നിന്ന് 500 പേര്‍ എന്നതാണ് കണക്ക്. ശബരിമലയില്‍ നിരന്തരമായി വരുന്നവര്‍, ശബരിമലയുടെ വികസനത്തില്‍ താത്പര്യമുള്ളവര്‍ എന്നതു മാത്രമാണ് സംഗമത്തിലെ പ്രതിനിധിയാകാനുള്ള മാനദണ്ഡം. സംഗമത്തിൻ്റെ ആദ്യ സമ്മേളനത്തില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു.















