ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയതിന് തൊട്ട് പിന്നാലെ പ്രതികരണവുമായി ട്രംപ് രംഗത്ത്.യുഎസ് ഉത്‌പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്‌ദാനം നല്‍കിയിരുന്നുവെന്നും അത് വൈകുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ തങ്ങളുടെ എണ്ണ, സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും യുഎസിൽ നിന്ന് വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഒരു ഏകപക്ഷീയമായി പ്രതിസന്ധിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെ അനുകൂലിച്ച് കൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രസ്‌താവന.
“ഇന്ത്യയുമായി ഞങ്ങൾ വളരെ കുറച്ച് മാത്രമേ ബിസിനസ് നടത്തുന്നുള്ളൂ, പക്ഷേ അവർ ഞങ്ങളുമായി വളരെയധികം ബിസിനസ് നടത്തുന്നു,” ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസിന് വലിയ അളവിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്. പക്ഷേ അമേരിക്ക ഇന്ത്യയിലേക്ക് കുറച്ച് ഉത്‌പന്നങ്ങള്‍ മാത്രമേ വിൽക്കുന്നുള്ളൂ. ഇതുവരെ പൂർണമായും ഏകപക്ഷീയമായ വ്യാപാര ബന്ധമായിരുന്നു അത്, പതിറ്റാണ്ടുകളായി അത് അങ്ങനെ തന്നെ തുടരുന്നു. കാരണം, ഇതുവരെ ഏതൊരു രാജ്യത്തെക്കാളും ഉയർന്ന താരിഫുകൾ ഇന്ത്യ നമ്മോട് ഈടാക്കിയിട്ടുണ്ട്, അതിനാൽ നമ്മുടെ ഉത്‌പന്നങ്ങള്‍ അധിക താരിഫ് ഈടാക്കാതെ ഇന്ത്യയിലേക്ക് വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇത് തികച്ചും ഏകപക്ഷീയമായ ഒരു പ്രതിസന്ധിയാണ്! കൂടാതെ, ഇന്ത്യ തങ്ങളുടെ എണ്ണ, സൈനിക ഉത്‌പന്നങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്, യുഎസിൽ നിന്ന് വളരെ കുറച്ച് മാത്രം. അവർ ഇപ്പോൾ അവരുടെ തീരുവകൾ പൂർണ്ണമായും കുറയ്ക്കാൻ വാഗ്ദാനം ചെയ്‌തിട്ടുണ്ട്, പക്ഷേ ഇപ്പോൾ വൈകിവരികയാണ്. അവർ വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ചെയ്യണമായിരുന്നു” ട്രംപ് പറഞ്ഞു.
ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേൽ 25 ശതമാനം പരസ്‌പര താരിഫുകളും റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവയും ചുമത്തിയ്രുന്നു. ഇന്ത്യയ്ക്കുമേൽ ചുമത്തിയ മൊത്തം തീരുവ 50 ശതമാനമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. യുഎസ് ചുമത്തിയ താരിഫുകള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു
















