ക്രിക്കറ്റിന്റെ കുഞ്ഞന്‍ രൂപമായ ട്വന്റി ട്വന്റിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയുടെ ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ചൊവ്വാഴ്ചയാണ് താരം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ 2027 ഏകദിന ലോകകപ്പ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും മിച്ചല്‍ സ്റ്റാര്‍ക് അറിയിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പിലായിരുന്നു സ്റ്റാര്‍ക് അവസാനമായി കളിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കായി ഞാൻ കളിച്ച ഓരോ ടി20 മത്സരത്തിന്‍റേയും ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിട്ടുണ്ട്, പ്രത്യേകിച്ച് 2021 ലോകകപ്പ്. 2027-ൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടൂർ, ആഷസ്, ഏകദിന ലോകകപ്പ് എന്നിവ നോക്കുമ്പോൾ, ഉന്മേഷത്തോടെയും ഫിറ്റ്നസോടെയും ഏറ്റവും മികച്ച നിലയിലും തുടരാൻ ഇതാണ് നല്ല മാർഗമെന്ന് ഞാൻ കരുതുന്നുവെന്ന് സ്റ്റാര്‍ക്ക് പ്രസ്‌താവനയില്‍ അറിയിച്ചു.
2021ല്‍ യുഎഇയില്‍ ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിന്‍റെ ഭാഗമായിരുന്നു 35 കാരനായ സ്റ്റാർക്ക്. 2012 സെപ്റ്റംബറില്‍ പാകിസ്‌താനെതിരേയാണ് താരം ടി20 യില്‍ അരങ്ങേറുന്നത്. 2024 ജൂണിൽ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പിലാണ് സ്റ്റാര്‍ക് അവസാന ടി20 അന്താരാഷ്ട്ര മത്സരം കളിച്ചത്. ടി20 ഫോർമാറ്റിൽ ഓസ്‌ട്രേലിയയ്‌ക്കായി താരം 65 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം 20 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയതാണ്. നിലവിൽ ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ ആദം സാമ്പയ്ക്ക് ശേഷം താരം രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.
അതേസമയം 2026 പകുതി മുതൽ ഓസ്‌ട്രേലിയയ്ക്ക് തിരക്കേറിയ ടെസ്റ്റ് ഷെഡ്യൂളാണ്. ബംഗ്ലാദേശിനെതിരായ ഹോം പരമ്പര, ദക്ഷിണാഫ്രിക്കൻ പര്യടനം, ന്യൂസിലൻഡിനെതിരായ നാല് മത്സരങ്ങളുടെ പരമ്പര, 2027 ജനുവരിയിൽ ഇന്ത്യയിൽ അഞ്ച് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരെ 150-ാം വാർഷിക മത്സരവും 2027 ൽ വിദേശത്ത് ആഷസും കളിക്കും. ഒക്ടോബർ ആദ്യം ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റാർക്ക് ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.















