ബോക്സ് ഓഫീസിൽ കുതിക്കുകയാണ് കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അഞ്ച് ദിവസം കൊണ്ട് അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രം നേടിയത്. മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ ആദ്യ തിങ്കളാഴ്ച ബോക്സ് ഓഫീസിൽ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഈ വർഷത്തെ ഓണം കല്യാണി തൂക്കിയെന്നാണ് ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട്. തിങ്കളാഴ്ച ആഭ്യന്തര ബോക്സ് ഓഫീസിൽ ചിത്രം 6.65 കോടി രൂപ നേടി. അഞ്ച് ദിവസത്തിനുള്ളിൽ, ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ മൊത്തം കളക്ഷൻ 31.05 കോടി രൂപയായി.
2013-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ദൃശ്യത്തിന്റെ 62 കോടി എന്ന ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് ലോക ഇതിനകം മറികടന്നു കഴിഞ്ഞു.
മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, ബോക്സ് ഓഫീസ് ട്രെൻഡ് അനുസരിച്ച്, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 13.5 കോടി രൂപ നേടി. ഇത് ‘ലോക’ നേടിയതിന്റെ പകുതിയോളം വരും. തിങ്കളാഴ്ച ‘ഹൃദയപൂർവ്വം’ ആഭ്യന്തര ബോക്സ് ഓഫീസിൽ 1.05 കോടി രൂപ നേടി. ഓഗസ്റ്റ് 28 നാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
















