ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ പരിഹസിച്ച് കോൺഗ്രസ്. ചൈനീസ് പ്രസിഡന്റിനു മുന്നിൽ ഭീരുവിനെപ്പോലെ താണുവണങ്ങിയെന്നും പാക്കിസ്ഥാന്‍-ചൈന ജുഗല്‍ബന്ദിയെന്ന് വിശേഷിപ്പിച്ചതിൽ മോദി മൗനം പാലിച്ചുവെന്നും കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേശ് ആരോപിച്ചു. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ച അവശ്യ നടപടിയാണെന്നും സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നും ആയിരുന്നു പാർട്ടി നേതാവ് ശശി തരൂർ വ്യക്തമാക്കിയത്.
”ഇന്ത്യയുമായുള്ള പല ഇടപാടുകളും ചൈന നിർത്തിവച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം, അവർ ഫോക്സ്കോൺ പ്ലാന്റുകളിൽ നിന്ന് 300 എഞ്ചിനീയർമാരെ പിൻവലിച്ചു. തുടർന്ന് നമ്മുടെ ആപ്പിൾ (ഐഫോൺ) ഉത്പാദനം സ്തംഭിച്ചു. കാര്യങ്ങൾ വളരെ മോശമായിരിക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് അമേരിക്കൻ താരിഫുകളുടെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അത്യാവശ്യമായ ഒരു നടപടിയാണെന്ന് ഞാൻ കരുതുന്നു. ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്നും ഇന്ത്യയോടുള്ള അനുകൂല നിലപാടിൽ മാറ്റം വന്നതോടെ മറ്റ് ഓപ്ഷനുകൾ നോക്കേണ്ടത് അനിവാര്യമായി,” തരൂർ പറഞ്ഞു.
















