വിവാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ, മിസോറാം സംസ്ഥാനങ്ങൾ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്.ഈ മാസം 13ന് ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദർശിക്കുമെന്നും തുടർന്ന് മണിപ്പൂരിലേക്ക് പോകുമെന്നും മിസോറാം സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടഐ റിപ്പോർട്ടു ചെയ്തു. രണ്ട് വർഷം മുൻപ് നടന്ന കുക്കി- മെയ്തേയ് സംഘർഷങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരെ തുടരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.
ബൈറാബി-സൈരാങ് റെയില്‍വേ ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി മിസോറാം സന്ദർശിക്കുന്നത്. ഐസ്വാളിലെ ലാമൗളിൽ വച്ചായിരിക്കും ഉദ്‌ഘാടനം. വടക്കുകിഴക്കൻ മേഖലയിലുടനീളം കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും വർധിപ്പിക്കുന്നതിനായുള്ള കേന്ദ്രത്തിൻ്റെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് 51.38 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈൻ അവതരിപ്പിക്കുന്നത്.
അസമിലെ സിൽച്ചാർ പട്ടണം വഴി ഐസ്വാളിനെ രാജ്യത്തിൻ്റെ പലഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റെയിൽവേ ലൈനിൻ്റെ നിർമാണ രീതി. മിസോറാം സന്ദർശനത്തിന് ശേഷം മോദി മണിപ്പൂരിലേക്ക് തിരിക്കുമെന്നാണ് സൂചന. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ അന്തിമ യാത്രയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
















