പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘ബൈസൺ’. ധ്രുവ് വിക്രം നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. തീകൊളുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും നിവാസ് കെ പ്രസന്നയാണ്. മാരി സെൽവരാജ് തന്നെയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്.
‘വാഴൈ’ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു.
എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. അതേസമയം കാർത്തിക് സുബ്ബരാജ് ചിത്രം മഹാൻ ആയിരുന്നു ധ്രുവ് വിക്രമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീമിങ് ചെയ്യുക.
















