ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ധർമസ്ഥല ചലോ യാത്രയെ ‘ധർമ യാത്രയല്ല, രാഷ്ട്രീയ യാത്രയാണ്’ എന്നും സിദ്ധരാമയ്യ വിശേഷിപ്പിച്ചു.
എസ്ഐടി അന്വേഷണം നടക്കുമ്പോൾ ബിജെപിക്ക് സംസ്ഥാന പൊലീസിൽ വിശ്വാസമില്ലേ എന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയപ്പോൾ മാത്രമാണ് അവർ സംസാരിച്ചു തുടങ്ങിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ധർമാധികാരി വീരേന്ദ്ര ഹെഗ്ഗഡെ തന്നെ സത്യം പുറത്തുവരാൻ എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നിട്ടും ബിജെപി ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയ്ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണം സിദ്ധരാമയ്യ നിഷേധിച്ചു. ഇതെല്ലാം ചെയ്യാൻ ബിജെപിക്ക് എവിടെ നിന്ന് പണം വരുന്നു എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. ഓരോ വിഷയത്തെയും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും പരാതിക്കാരനായ സി എൻ ചിന്നയ്യ കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന പ്രതിപക്ഷ നേതാവ് ആർ അശോകയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















