മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയാണ് ആന്‍ മാത്യു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞള്‍ പ്രസാദം എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വീട്ടുകാര്‍ക്ക് താന്‍ അഭിനയിക്കുന്നത് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് ആന്‍.
ആന്‍ മാത്യൂവിന്റെ വാക്കുകള്‍….
‘സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ലോക്കല്‍ ചാനലുകളില്‍ ആങ്കറിങ്ങ് ചെയ്യുമായിരുന്നു. ഏവിയേഷന്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ഫോട്ടോസ് വേണമായിരുന്നു. അതിനു വേണ്ടി വന്ന ഫോട്ടോഗ്രാഫര്‍ ആണ് പരസ്യം ചെയ്യാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചത്. അങ്ങനെ ചെമ്മണ്ണൂര്‍ അക്കാദമിയുടെ പരസ്യമാണ് ആദ്യം ചെയ്യുന്നത്. പിന്നെ കുറേ പരസ്യങ്ങള്‍ ചെയ്തു. ദുബായില്‍ എത്തിയതിനു ശേഷം ജോലിക്കിടെ സമയം കിട്ടുമ്പോളെല്ലാം പ്രോഗ്രാമുകളും ഷോര്‍ട് ഫിലിമുകളും ചെയ്യുമായിരുന്നു. അതില്‍ ഏതോ ഷോര്‍ട് ഫിലിം കണ്ടിട്ടാണ് മഞ്ഞള്‍ പ്രസാദത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടര്‍ എന്നെ വിളിക്കുന്നത്. അതാണ് എന്റെ ആദ്യത്തെ സീരിയല്‍. 2016 ല്‍ ആയിരുന്നു അത്. 2017 ല്‍ എനിക്ക് കുഞ്ഞ് ജനിച്ചു. അതിനു ശേഷം ചെറിയൊരു ബ്രേക്ക് ആയിരുന്നു ‘.
‘ഞാന്‍ അഭിനയിക്കുന്നത് എന്റെ വീട്ടില്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു. ആദ്യത്തെ സീരിയലിനു വേണ്ടി എന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആ തീരുമാനത്തെ വീട്ടുകാര്‍ വളരെയധികം വിമര്‍ശിച്ചു. പിന്നീട് കാണാക്കണ്‍മണി എന്ന സീരിയലില്‍ അവസരം വന്നപ്പോള്‍ എനിക്ക് വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. അഭിരാമിച്ചേച്ചി ആയിരുന്നു ആ സീരിയലിലെ മറ്റൊരു നായിക. ആ സമയത്ത് എനിക്കൊരു ബൊട്ടീക്ക് ഉണ്ടായിരുന്നു. ചേച്ചിക്ക് കോസ്റ്റ്യൂം ചെയ്യാനാണ് എന്നു കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. എന്റെ വീട്ടില്‍ സീരിയല്‍ കാണുന്ന ശീലമൊന്നും ഇല്ലായിരുന്നു. കുറേക്കഴിഞ്ഞ് അയല്‍ക്കാര്‍ പറഞ്ഞാണ് ഞാന്‍ അഭിനയിക്കുന്ന കാര്യം വീട്ടില്‍ അറിഞ്ഞത്’.
















