യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരന്റെ ദാരുണമായ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മണറി റീസസിറ്റേഷന്‍ (CPR) പോലുള്ള ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
കൃത്യസമയത്ത് ശരിയായ വിധത്തില്‍ നല്‍കുന്ന CPR ഒരു ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമയോചിതമായി നല്‍കിയ CPR-ലൂടെ ഒരു യുവ കെ.എസ്.ഇ.ബി. ജീവനക്കാരന്റെ ജീവന്‍ രക്ഷിക്കാനായ സംഭവം ഇതിന് ഉദാഹരണമാണ്. ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യത്തെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ നല്‍കുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിര്‍വരമ്പ്
നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ, CPR, മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് KGMOA സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു:
- ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലും CPR ഒരു നിര്‍ബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
- വിവിധ മേഖലകളിലുള്ളവര്‍ക്കായി CPR പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. ഇതില്‍ കോളേജുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ യുവജന സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുക.
- തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും Automated External Defibrillator (AED) പോലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.
- പൊതുജനങ്ങള്‍ക്കായി CPR സംബന്ധിച്ച ബോധവല്‍ക്കരണ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള പ്രചരണോപാധികള്‍ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുക.
ഓരോ ജീവനും അമൂല്യമാണ്. പൊതുജനങ്ങളില്‍ CPR-നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും അവര്‍ക്ക് തത്സംബന്ധമായ പരിശീലനം നല്‍കുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ സാധിക്കും. ഇത്തരം പരിശീലന പരിപാടികള്‍ സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കായി കെ.ജി.എം.ഒ.എ ഇതിനോടകം നടത്തിയിട്ടുണ്ട്. വിഷയത്തിന് അടിയന്തിര പരിഗണന നല്‍കി ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.
CONTENT HIGH LIGHTS; Unexpected cardiac arrest deaths – provide CPR training to the public and include it in the curriculum
















