ആഗസ്റ്റ് 28ന് ഓണം റിലീസായി പുറതത്തിറങ്ങിയ ചിത്രമാണ് ലോക. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഉയര്‍ന്ന ഒരു വിമര്‍ശനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബെംഗളൂരു നഗരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിലെ ഒരു ഡയലോഗ് ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കര്‍ണാടകത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വേഫെറര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.വേഫെറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം.
വേഫെറര്‍ ഫിലിംസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം…..
‘ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വേഫെറര്‍ ഫിലിംസില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം ജനങ്ങള്‍ക്കാണ് ഞങ്ങള്‍ നല്‍കുന്നത്. സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ചോദ്യംചെയ്യപ്പട്ടിരിക്കുന്ന സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു”.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഡോമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
















