പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് നിർമാതാവ് ആന്റണി പെരുമ്പാവൂർ. വോൾവോ XC60 എസ്‌യുവിയുടെ പുതുക്കിയ പതിപ്പാണ് താരം ഗാരിജിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ മോഡലിന് എക്സ് ഷോറൂം വില 71.90 ലക്ഷം രൂപയാണ്.
മോഡലിന്റെ ഏറ്റവും പുതിയ പതിപ്പിൽ കുറച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങളും അതോടൊപ്പം പുതുക്കിയ സവിശേഷതകളും നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും അടക്കം ഏറ്റവും വ്യക്തമായ മാറ്റങ്ങൾ മുൻവശത്താണ്. മാറ്റങ്ങളിൽ പുതുക്കിയ ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയിൽലാമ്പുകൾ പുതിയ അലോയി വീലുകൾ ഒരു പുതിയ പിൻ ബമ്പർ എന്നിവ ഉൾപ്പെടുന്നു.
വലിയ 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് അകത്തളത്തിൽ. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് വാഹനത്തിന്. പവർട്രെയിന്റെ കാര്യത്തിൽ, XC60 -ൽ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 -ലീറ്റർ ടർബോ-പെട്രോൾ എൻജിനാണ് വോൾവോ സജ്ജീകരിച്ചിരിക്കുന്നത്, ഇത് 247 bhp കരുത്തും 360 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും സ്റ്റാൻഡേർഡായി കണക്ട് ചെയ്തിരിക്കുന്നു.
















