തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കണം എന്നാണ് ഇന്നലെ രാത്രി ചേർന്ന യുഡിഎഫ് ഓൺലൈൻ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താസമ്മേളനം നടക്കും.
അയ്യപ്പ സംഗമത്തിൽ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ക്ഷണക്കത്ത് നൽകി. എന്നാൽ, പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി.
















