കുവൈത്തിലെ സ്കൂളുകൾക്ക് റമസാനിലെ അവസാന ആഴ്ച പൊതു അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും അനധ്യാപകർക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പുതിയ അധ്യയന കലണ്ടർ പ്രകാരം സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ കുറവ് വരുത്താതെയാണ് വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയ് ആണ് കലണ്ടറിന് നേരത്തെ അംഗീകാരം നൽകിയത്. പൊതു അവധികളിൽ വലിയ തോതിൽ ഹാജർ കുറയുന്നത് തടയാനാണ് പുതിയ കലണ്ടർ.
സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം, അവസാന ദിവസം, പരീക്ഷ, പൊതു അവധികൾ, പതിവ് ഇടവേളകൾ എന്നിവയെല്ലാം കൃത്യമാക്കി കൊണ്ടുള്ളതാണ് പുതിയ കലണ്ടർ. അടുത്ത വർഷം ഫെബ്രുവരിയിലാണ് വിശുദ്ധ റമസാൻ. ഫെബ്രുവരി 17ന് തുടങ്ങുന്ന റമസാൻ മാർച്ച് 18ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ.
















