മിക്ക ആളികളുടെയും ഒരു ഡ്രീം ഡസ്റ്റിനേഷൻ ആണ് ചൈന. ഇപ്പോഴിതാ ചൈനയിലെത്താൻ ഇനി എളുപ്പം. യുവ പ്രതിഭകൾക്ക് സുവർണ്ണാവസരം ഒരുക്കി ചൈന. ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന കെ വീസ ഉപയോഗിച്ച് ശാസ്ത്രം, വിനോദ സഞ്ചാരം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് എളുപ്പത്തില്‍ ചൈനയിലേക്ക് എത്തിച്ചേരാനാവും.
ഭാവിയില്‍ ലോകമെങ്ങുമുള്ള പ്രതിഭകള്‍ക്ക് എളുപ്പത്തില്‍ ചൈനയിലേക്കെത്താനുള്ള മാര്‍ഗമായാണ് അവര്‍ കെ വീസയെ അവതരിപ്പിക്കുന്നത്. ചൈനയുടെ സാങ്കേതികവിദ്യ വികസനത്തിനും അക്കാദമിക്ക് രംഗത്തെ വിവര കൈമാറ്റങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കുമെല്ലാം ഈ നീക്കം ഗുണം ചെയ്യും. ചൈനയിലേക്കുള്ള പരമ്പരാഗത വര്‍ക്ക് വീസ നേടുന്നതിന് നിരവധി കടമ്പകള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. തൊഴില്‍ദാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പോ സ്ഥിരീകരിക്കപ്പെട്ട ജോലി വാഗ്ദാനമോ ഉണ്ടെങ്കില്‍ മാത്രമാണ് ചൈനയിലേക്കുള്ള വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ പോലും സാധിച്ചിരുന്നത്. ഇതൊന്നുമില്ലാതെ എളുപ്പത്തില്‍ ചൈനയിലേക്ക് വരാനുള്ള മാര്‍ഗമാണ് കെ വീസ വഴി സാധ്യമാവുന്നത്.
കെ വീസ വഴി ചൈനയില്‍ ദീര്‍ഘകാലം താമസിക്കാനും പലതവണ വന്നു പോവാനും താമസിക്കാനുള്ള അനുവാദം നീട്ടിക്കിട്ടാനുമെല്ലാം സാധിക്കും. ഇത് അക്കാദമിക് ഗവേഷണ രംഗത്തും ബിസിനസ് മേഖലയിലുമെല്ലാം പുതിയ സഹകരണങ്ങള്‍ക്കും പഠനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കുമെല്ലാം കാരണമാവുകയും ചെയ്യും. ലോകത്ത് എവിടെയുമുള്ള പ്രതിഭകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായാണ് ചൈന കെ വീസയെ കരുതുന്നത്.
45 വയസ്സിനു താഴെ പ്രായമുള്ള വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ളവരെയാണ് കെ വീസ വഴി ചൈന ലക്ഷ്യം വയ്ക്കുന്നത്. നിര്‍മിത ബുദ്ധി, ബയോ ടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് കെ വീസ വഴി ചൈനയുമായി എളുപ്പം സഹകരിക്കാനാവും. ദീര്‍ഘകാല വികസന പദ്ധതികളുടെ ഭാഗമായാണ് രാജ്യത്തിന് പുറത്തുള്ളവരെ എളുപ്പത്തില്‍ ചൈനയിലെത്തിക്കാനുള്ള ശ്രമം അവര്‍ നടത്തുന്നത്.
വിദേശങ്ങളിലെ പ്രതിഭകളെ സ്വന്തം നാടിന്റെ വികസനത്തിനായി എളുപ്പം എത്തിക്കാനുള്ള പദ്ധതി നേരത്തെ തന്നെ പല രാജ്യങ്ങളിലുമുണ്ട്. അമേരിക്കയുടെ O-1 വീസ ശാസ്ത്രം, വിദ്യാഭ്യാസം, കല, വ്യവസായം, കായിക മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ എളുപ്പം അമേരിക്കയിലെത്തിക്കുക ലക്ഷ്യം വച്ചുള്ളതാണ്. സമാനമായി യൂറോപ്യന്‍ യൂണിയന് പുറത്തുള്ള മികവു തെളിയിച്ചവരെ യൂറോപ്പിലേക്ക് ആകര്‍ഷിക്കാനുള്ളതാണ് ബ്ലു കാര്‍ഡ് സംവിധാനം. സാങ്കേതികവിദ്യ മേഖലയിലെ വിദഗ്ധരേയും സംരംഭകരേയും എളുപ്പം സിംഗപ്പൂരിലെത്തിക്കാനുള്ളതാണ് ടെക്.പാസ് സംവിധാനം.
കെ വീസ പദ്ധതി ചൈനയ്ക്കും ലോകമെങ്ങുമുള്ള പ്രതിഭകള്‍ക്കും ഒരുപോലെ അവസരം നല്‍കുന്നതാണ്. കൂടുതല്‍ പേരെ ഉള്‍ക്കൊണ്ടുകൊണ്ട് അതിവേഗ വികസനം സാധ്യമാക്കുകയെന്ന ചൈനീസ് ലക്ഷ്യത്തിന് വേഗത നല്‍കാന്‍ കെ വീസയ്ക്ക് സാധിക്കും. യുവ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പുതിയ സാധ്യതയാണ് കെ വീസ വഴി ചൈന വാഗ്ദാനം ചെയ്യുന്നത്.
















