ഡൽഹി: 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. രണ്ട് ദിവസമാണ് യോഗം നടക്കുക. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും. നിലവിലെ 4 സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നിർദേശം കൗൺസിൽ അംഗീകരിച്ചാൽ നിലവിലെ 12 ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും അഞ്ചുശതമാനത്തിലേക്കും 28 ശതമാനം സ്ലാബിലെ ഉൽപ്പന്നങ്ങൾ 18 ശതമാനത്തിലേക്കും മാറും. മൊബൈൽ ഫോൺ, കംപ്യൂട്ടർ, മോട്ടോർ വാഹനങ്ങൾ, ഫ്രിഡ്ജ്, ടിവി, എസി, സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ചെരിപ്പ്, കുട, പാലുൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ വില കുറയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശവും കൗൺസിൽ പരിഗണിച്ചേക്കും. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗൺസിൽ യോഗത്തിൽ വാദിക്കും.
















